സംസ്ഥാനത്ത് 15 പുതിയ സൈബർ ക്രൈം പോലീസ് സ്റ്റേഷനുകൾ പ്രവർത്തനമാരംഭിച്ചു.
സംസ്ഥാനത്തൊട്ടാകെയുള്ള 15 സൈബർ ക്രൈം പോലീസ് സ്റ്റേഷനുകളുടെ ഉദ്ഘാടനം കേരള മുഖ്യമന്ത്രി ശ്രീ. പിണറായി വിജയൻ ഇന്ന് വീഡിയോ കോൺഫറൻസ് വഴി നിർവഹിച്ചു. ഇപ്പോൾ സംസ്ഥാനത്തെ 19 പോലീസ് ജില്ലകളിലും സൈബർ ക്രൈം പോലീസ് സ്റ്റേഷനുകളുടെ സൗകര്യം ലഭിച്ചിട്ടുണ്ട്. തിരുവനന്തപുരം സിറ്റി, കൊച്ചി സിറ്റി, തൃശൂർ സിറ്റി, കോഴിക്കോട് സിറ്റി എന്നിവിടങ്ങളിൽ സൈബർ പോലീസ് സ്റ്റേഷനുകൾ സ്ഥാപിതമായത് രണ്ട് വർഷങ്ങൾക്ക് മുമ്പാണ്. തൃശൂർ റൂറലിൽ മലക്കപ്പാറ പൊലീസ് സ്റ്റേഷനു വേണ്ടി നിർമിച്ച പുതിയ കെട്ടിടവും മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു.
 
സൈബർ ആക്രമണം നടത്തുന്നവർക്കുള്ള ശിക്ഷ ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെ പോലീസ് നിയമത്തിൽ ആവശ്യമായ ഭേദഗതികൾ വരുത്താൻ സർക്കാർ തീരുമാനിച്ചതായി സൈബർ സ്റ്റേഷനുകളുടെ ഉദ്ഘാടനം നിർവ്വഹിച്ചുകൊണ്ട് മുഖ്യമന്ത്രി പറഞ്ഞു. ഭേദഗതി പ്രാബല്യത്തിൽ വരുന്നതോടെ പ്രതികൾക്കെതിരെ നടപടിയെടുക്കുന്നതിൽ നിലവിലുള്ള ബുദ്ധിമുട്ടുകൾ അവസാനിക്കും. അത്യാധുനിക ഡിജിറ്റൽ ഉപകരണങ്ങൾ ഇപ്പോൾ വിപണിയിൽ താരതമ്യപ്പെടുത്താവുന്ന കുറഞ്ഞ വിലയ്ക്ക് ലഭ്യമാണ്. അതിന്റെ ഫലമായി സമൂഹത്തിലെ സാധാരണക്കാർക്കും സൈബർ ലോകം ഇപ്പോൾ ലഭ്യമാണ്. കൂടുതൽ പേർ സൈബർ ലോകത്തേക്ക് എത്തിത്തുടങ്ങി. പലപ്പോഴും ഇത് സൈബർ ദുരുപയോഗത്തിനും മറ്റും കാരണമാകുന്നു.
 
സൈബർ സുരക്ഷാ മേഖലയിൽ സാങ്കേതിക യോഗ്യതയും വൈദഗ്ധ്യവുമുള്ള പൊലീസ് ഉദ്യോഗസ്ഥരെ പുതുതായി ഉദ്ഘാടനം ചെയ്ത സൈബർ പൊലീസ് സ്റ്റേഷനുകളിൽ നിയമിച്ചിട്ടുണ്ട്. സൈബർ ആക്രമണത്തിന് പിന്നിലെ പ്രതികളെ കണ്ടെത്തുന്നതിനുള്ള പുതിയ ഉപകരണങ്ങളും സ്റ്റേഷനുകളിൽ സ്ഥാപിച്ചിട്ടുണ്ട്.
 
സംസ്ഥാന പോലീസ് മേധാവിയും ശ്രീ. ലോക്&zwnjനാഥ് ബെഹ്&zwnjറ ഐപിഎസും മറ്റ് മുതിർന്ന ഉദ്യോഗസ്ഥരും ഓൺലൈനായി നടന്ന  ചടങ്ങിൽ പങ്കെടുത്തു.